ഗവർണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിൻറെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എൽഡിഎഫിന്റെ നയം. ഇതേ വിഷയം തന്നെയാണ് ഗവർണറും പങ്കുവച്ചതെന്ന് കണ്ണൂർ കലക്ടറേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല. അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളത്. ഗവർണറും സർക്കാരും തമ്മിൽ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പണറായി പറഞ്ഞു.

യൂണിവേഴ്സിറ്റികളുടെ ചാൻസിലർ സ്ഥാനം സർക്കാർ ആഗ്രഹിക്കുന്നല്ല. അത് ഗവർണർ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ട് പോകുമെന്നാണ് സർക്കാർ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുന്ന നിലപാട് ഗവർണർ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവർണർ എന്തെങ്കിലും ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



സാധാരണഗതിയിൽ ഇത് ഇങ്ങനെ വാർത്താ സമ്മേളനം വിളിച്ചുപറയേണ്ട കാര്യമല്ല. ഗവർണർ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്. സർക്കാരിന് പിടിവാശിയില്ലെന്നും ഇനിയും ചർച്ച ചെയ്യാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അലകും പടിയും മാറണമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. എല്ലാം തികഞ്ഞതെന്ന അഭിപ്രായം സർക്കാരിനില്ല. ഉന്നത വിദ്യഭ്യാസ മേഖലയിൽ ഇനിയും ശ്രദ്ധവേണ്ടതുണ്ട്. സർക്കാർ നിലപാട് അറിയാത്തയാളല്ല ഗവർണറെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ പ്രതികരണങ്ങൾ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ അയച്ച കത്തിന് സർക്കാർ അന്ന് തന്നെ മറുപടി നൽകിയിരുന്നു.

ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും ഗവർണറെ നേരിട്ട് കണ്ടാണ് മറുപടി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറ്റേദവിസം ധനകാര്യമന്ത്രി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സ്ഥലത്തില്ലാത്തതിനാൽ ഗവർണറെ താൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

12-Dec-2021