സംസ്ഥാന സർക്കാറിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലാപട് കടുപ്പിക്കുമ്പോൾ ഗവർണർക്കെതിരെ തുറന്നടിച്ച് സി.പി.ഐ. കേരളത്തിൽ ഗവർണറായി പ്രവർത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ലെന്നും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ജനയുഗം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായി. നയപ്രഖ്യാപനം വായിക്കുന്നത് സംബന്ധിച്ച വിവാദവും സർക്കാരിന്റെ നയങ്ങൾക്കെതിരായ പരസ്യമായ പ്രതികരണങ്ങളും അതിന്റെ ഭാഗമായിരുന്നു.
പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ ആകെ വികാരം പ്രതിഫലിപ്പിക്കുന്നതിനായി 2020 ഡിസംബറിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ സംസ്ഥാന സർക്കാർ അയച്ചപ്പോൾ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്.
സംസ്ഥാനത്ത് വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദസൃഷ്ടിയാണ് ഒടുവിൽ അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് സർവകലാശാലകളുടെ ചാൻസലർ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിർദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാൻസലർ എന്ന നിലയിൽ ഗവർണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്.
ഈ പശ്ചാത്തലത്തിൽ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും അനാവശ്യ വിവാദമാണ് സൃഷ്ടിക്കുവാൻ ശ്രമിക്കുന്നതെന്നും അതിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും സംശയിച്ചാൽ തെറ്റാവില്ല. ബാലിശമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത് എന്നതുതന്നെകാരണം. അതുകൊണ്ട് ഇപ്പോഴത്തെ പ്രകോപനത്തിന്റെ കാരണം അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.