യൂണിവേഴ്‌സിറ്റികളുടെ ചാൻസിലർ സ്ഥാനം സർക്കാർ ആഗ്രഹിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സർവകലാശാല വിഷയത്തിൽ ഗവർണറുടെ നിലപാട് ദുരൂഹമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് കോടിയേരി പറഞ്ഞു. ചാൻസലർ പദവിയിലിരിക്കുന്നയാൾക്ക് വിവേചനാധികാരമുണ്ട്. ഒരുതരത്തിലുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ട ആളല്ല ചാൻസലർ. ഗവർണറുമായി ഈ വിഷയത്തിൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ഗവർണറും സർക്കാറും ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവർണർ തന്നെ ചാൻസലറായി തുടരണമെന്നാണ് സർക്കാറിന്റെ ആഗ്രഹമെന്ന് കോടിയേരി പറഞ്ഞു.
അതേസമയം, വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല നടത്തുന്നതെന്നും അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഗവർണറും സർക്കാറും തമ്മിൽ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. യൂണിവേഴ്‌സിറ്റികളുടെ ചാൻസിലർ സ്ഥാനം സർക്കാർ ആഗ്രഹിക്കുന്നില്ല. അത് ഗവർണർ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ട് പോകുമെന്നാണ് സർക്കാർ കരുതുന്നത്.
ഗവർണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുന്ന നിലപാട് ഗവർണർ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവർണർ എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അതേസമയം, സർക്കാറുമായി ഏറ്റമുട്ടലിനില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.