ജെ സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി ജയചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ (J C Daniel) പുരസ്‌കാരത്തിന് പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പുരസ്‌കാര സമര്‍പ്പണം 2021 ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയാണ് പി.ജയചന്ദ്രന്‍. 1992ലാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2019ല്‍ ഹരിഹരനായിരുന്നു പുരസ്‌കാര ജേതാവ്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016ലാണ് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്.

13-Dec-2021