രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണം കൊണ്ടുവരാനാണ് ആർഎസ്എസിന്റെ ശ്രമം: മുഖ്യമന്ത്രി

മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വർഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നവമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണം കൊണ്ടുവരാനാണ് ആർഎസ്എസിന്റെ ശ്രമം. ഇതിനായി മാധ്യമങ്ങളെ കുത്തകകളെ ഉപയോഗിച്ച് വിലയ്‌ക്കെടുക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയാണ്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേത്. സംസ്ഥാന താത്പര്യങ്ങൾക്ക് മേൽ കുതിര കയറുന്ന ശ്രമങ്ങളാണ് കേന്ദ്രസർക്കാരിന്റേത്. മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചനം ക്രിമിനൽ കേസും മറ്റ് മതസ്ഥർക്കിടയിൽ സിവിൽ കേസുമായി മാറ്റിയ നടപടിയാണ് കേന്ദ്ര സക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. കോൺഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ല.

കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് വേണ്ടത്. മതനിരപേക്ഷ സർക്കാർ രൂപീകരിക്കുക എന്നതാണ് സിപിഎം നിലപാട്. ദേശീയ രാഷ്ട്രീയം പാർട്ടിയെ ഏൽപ്പിക്കുന്ന ദൗത്യമാണത്. കേന്ദ്രസർക്കാരിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമിക്കാനാണ് ശ്രമം. സിൽവർ ലൈൻ അതിന് ഉദാഹരണമാണ്. സിൽവർ ലൈൻ വന്നാൽ എറണാകുളത്തുകാർക്ക് രണ്ടു മണിക്കൂർ കൊണ്ട് കേരളത്തിന്റെ ഏതറ്റത്തും എത്താനാവും.

ബിജെപിയും കോൺഗ്രസും ജമാ അത്തെ ഇസ്ലാമിയും ഇതിനെതിരെ വലിയ പ്രചരണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. കേരളത്തിന്റെ വികസന പ്രശ്‌നങ്ങളെ ഒന്നിച്ച് നാട് നേരിടേണ്ടതാണ്. പക്ഷേ കേരളത്തിലെ പ്രതിപക്ഷത്തിന് അതിന് താത്പര്യമില്ല. അധികാര രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ബിജെപയും സംസ്ഥാനത്ത് പ്രതിസന്ധി നേരിടുകയാണ്. വർഗീയ പക്ഷത്തേക്ക് ചായുകയാണ് മുസ്ലീംലീഗ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം ഇതാണ് കാണിക്കുന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ഇവരുടെയെല്ലാം ശ്രമം. സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളുമെല്ലാം ഇതിന് ശ്രമിക്കുന്നു. ഇതിനായി നവ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണ്.

വഖഫ് പ്രശ്‌നത്തിൽ ലീഗ് നടത്തിയ റാലി, അവരുടെ നിലപാട് കുറച്ചു കൂടി കടന്നു പോകുന്നു എന്നതിന്റെ തെളിവാണ്. മുസ്ലീം തീവ്രവാദികളുടെ നിലപാടുകൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു. ലീഗിലെ സമാധാനകാംഷികളെ തീവ്രവാദത്തിന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണ്. ഇത് സാധാരണ ലീഗ് പ്രവർത്തകർ തിരിച്ചറിയണം. മതത്തെ രാഷ്ട്രീയാവശ്യത്തിനായി ഉപയോഗിക്കുമ്പോഴാണ് വർഗീയതയാകുന്നത്. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണ് ചിലരെങ്കിലും നടത്തുന്നത്. സ്വത്വ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാനാണ് ചിലരുടെ ശ്രമം.

വികസനത്തിന്റെ രാഷ്ട്രീയ സമീപനമാണ് വേണ്ടത്. പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യമാണ് ഇടതു സർക്കാർ നൽകുന്നത്. സംസ്ഥാനത്തെ പരമദരിദ്രരുടെ മോചനമാണ് ഇനിയുള്ള ലക്ഷ്യം. ഉന്നത വിദ്യാഭാസ മേഖല വലിയ തോതിൽ വികാസം പ്രാപിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിക്കളിലെ അക്കാദമിക് നിലവാരം മെച്ചപ്പെടേണ്ടതുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അക്കാദമിക് രംഗത്ത് വലിയ മാറ്റം നമ്മുടെ സർവകലാശകൾക്ക് ഉണ്ടായിട്ടുണ്ട്. വ്യക്തമായ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

 

14-Dec-2021