പുതിയ തലമുറയ്‌ക്ക് ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കണം: മുഖ്യമന്ത്രി

പുതിയ തലമുറയ്‌ക്ക് ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആധുനിക സമൂഹത്തിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .

ലൈംഗികതയെക്കുറിച്ച് നിലനിൽക്കുന്ന അശാസ്ത്രീയമായ ധാരണകൾ ആരോഗ്യകരമായ സ്ത്രീ- പുരുഷ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്.ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ അനിമേഷൻ ലഘുചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്.ഇല്ലെങ്കിൽ അവർ ഉത്തരങ്ങൾ തേടി ഒടുവിൽ തെറ്റായ സ്രോതസ്സുകളിൽ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത ധാരണകൾ ഉണ്ടാക്കുകയും ചെയ്യും. ഈ ലക്ഷ്യം മുൻനിർത്തിയാണ് അനിമേഷൻ ലഘുചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

14-Dec-2021