ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയം: മുഖ്യമന്ത്രി

കണ്ണൂർ സർവകലാശാലാവിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുന‍ർനിയമനം സുതാര്യമാണെന്നും ഗവർണർ ഇക്കാര്യം വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂർ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ.

ഇന്ന് കോടതി എതിർത്തെങ്കിൽ കണ്ണൂർ വിസിക്ക് പുറത്തുപോകേണ്ട സാഹചര്യമായിരുന്നു. ഒരു വേള വിസിയെ രാജിവെപ്പിച്ച് ഗവർണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും, കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

15-Dec-2021