പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങൾ: സോഷ്യല്‍മീഡിയയിലേത് വ്യാജ പ്രചരണം: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്ര പേരുണ്ട്, ആരൊക്കെയാണ് എന്ന വിവരങ്ങളൊന്നും ഇന്ന് രഹസ്യമല്ലെന്നും അവരുടെ പേരു വിവരം സര്‍ക്കാര്‍ ഉത്തരവിലും ഡയറിയിലും വെബ്‌സൈറ്റിലും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മുഹമ്മദ് റിയാസിന്റെ വാക്കുകൾ: ''അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നതാണ് പൊതുവെയുള്ള നിലപാട്. എന്നാല്‍ സോഷ്യല്‍മീഡിയ വഴി ചിലര്‍ അതു തന്നെ ആവര്‍ത്തിക്കുന്ന സാഹചര്യം വന്നുപെട്ടതിനാല്‍ ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്ര പേരുണ്ട്, ആരൊക്കെയാണ് അവര്‍ എന്ന വിവരങ്ങളൊന്നും ഇന്ന് രഹസ്യമല്ല.
അവരുടെ പേരു വിവരം സര്‍ക്കാര്‍ ഉത്തരവിലും ഡയറിയിലും വെബ്‌സൈറ്റിലും ഒക്കെയുണ്ടാകും. എന്നാല്‍, ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. നിലവിലുള്ള എന്റെ സ്റ്റാഫിലെ ഒരാളുടെ പേരുമില്ലാത്ത ഒരു പട്ടിക ആരൊക്കെയോ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ഇക്കാര്യത്തില്‍ തെറ്റിധാരണ ഒരാള്‍ക്കുമുണ്ടാവരുത് എന്നതിനാല്‍, ഇതൊരു വ്യാജ പ്രചരണം മാത്രമാണ് എന്ന കാര്യം ഇവിടെ വ്യക്തമാക്കുകയാണ്.''