സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു

കേരളത്തിൽ പിജി ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിതവിഭാഗത്തിൽ ജോലിക്ക് കയറുമെന്നും പിജി ഡോക്ടർമാരുടെ സംഘടന വാർത്താകുറിപ്പിലൂടെ അറിയിച്ചു. ക്വാഷാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് പ്രവേശിച്ചു തുടങ്ങി.

എന്നാൽ ഒപി വാർഡ് ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. ഇന്നലെ ആരോഗ്യമന്ത്രി വീണാജോർജുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ തീരുമാനം വന്നതിനെ തുടർന്നാണ് സമരം മയപ്പെടുത്താൻ തീരുമാനിച്ചത്.
ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുഭാവപൂർവം തീരുമാനം എടുക്കാമെന്നാണ് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്.

ഫണ്ടിന്റെ കുറവ് മൂലമാണ് സ്‌റ്റൈപ്പന്റ് വർധനവ് നടപ്പാക്കാൻ കഴിയാത്തത്. ജൂനിയർ ഡോക്ടർമാരുടെ അമിത ജോലിഭാരം കുറക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്. ഇതിനായി പ്രത്യേക കമ്മിറ്റിയെ തന്നെ രൂപീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സമരക്കാർ അറിയിച്ചു.

16-Dec-2021