സർക്കാർ സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നത് ആശ്വാസം പകരുന്നു: ഡോ. എം ലീലാവതി
അഡ്മിൻ
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ പെരുകുകയും യുവതികളുടെ ആത്മഹത്യകള്‍ ദിനംപ്രതി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതബോധമുളവാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയോടെ സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നത് ആശ്വാസം പകരുന്നുവെന്ന് ഡോ. എം ലീലാവതി പറഞ്ഞു.
രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രവര്‍ത്തിക്കുന്നവരും കുറ്റവാളികളാണെന്ന് കണ്ടാല്‍ പാര്‍ട്ടികളും ഭരണകൂടവും അവരെ പുറത്താക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണെന്ന അവബോധം അവരിലുളവാക്കിയേ തീരു. ഗാര്‍ഹികമായ പീഡനത്താല്‍ നൈരാശ്യത്തിലേക്ക് വീണ് ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങളുണ്ടാകാതിരിക്കാന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ജാഗരൂകരായിരുന്നാല്‍ ഒട്ടൊക്കെ സഹായകമാവുമെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് സമനില തെറ്റുന്നവര്‍ക്ക് മനശാസ്ത്രപരമായ ചികിത്സകളും സേവനങ്ങളും നല്‍കാനും പ്രശ്‌നം സാമ്പത്തികമാണെങ്കില്‍ ഉടനടി പരിഹാരം കാണാന്‍ തദ്ദേശ ഭരണസ്ഥാപനത്തിലെ അധികൃതര്‍ക്ക് കഴിയത്തക്കവണ്ണം സംവിധാനങ്ങളുണ്ടാക്കാനും സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എം ലീലാവതി അഭ്യര്‍ത്ഥിച്ചു. ഭാഷയിലും പെരുമാറ്റത്തിലും പരാതിക്കാരോട് സൗഹാര്‍ദ്ദം പുലര്‍ത്തണമെന്ന കര്‍ശനമായ നിര്‍ദേശം നീതി നിര്‍വ്വഹണ ചുമതലയുള്ളവര്‍ക്ക് നല്‍കാനും വീഴ്ചവരുത്തുന്നവര്‍ക്ക് പിരിച്ചുവിടലുള്‍പ്പെടെയുള്ള കുട്ടശിക്ഷ ഉറപ്പാണെന്ന് ബോധ്യപ്പെടുത്താനും വേണ്ടതെല്ലാം സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉയര്‍ന്നുവരണമെന്നും ടീച്ചര്‍ കൂട്ടിചേര്‍ത്തു
രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സര്‍ക്കാരുണ്ടെന്ന് സന്ദേശം പീഡിതരിലെത്തിക്കാനും പീഡനങ്ങള്‍ക്ക് അറുതിവരുത്താനും സ്ത്രീപക്ഷ നവകേരളത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഈ ക്യാമ്പയിന്‍ വന്‍വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നതായും ലീലാവതി ടീച്ചര്‍ പറഞ്ഞു.