വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നു: ശശി തരൂർ
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂർ എം.പി. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാർഹമാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമർശം. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്ന് തരൂർ പറഞ്ഞു.
വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നു. അത് വലിയ കാര്യമാണ്. ഐക്യരാഷ്ട്രസഭയിൽ നിന്നും തിരിച്ചെത്തിയതിന് ശേഷം കേരളത്തിലേക്ക് വ്യവസായികളെ എത്തിക്കാൻ താൻ ശ്രമം നടത്തിയിരുന്നു. പക്ഷേ നിക്ഷേപകർക്ക് കേരളത്തിലേക്ക് എത്താൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതുപോലെ വലിയ നിക്ഷേപകർക്കൊപ്പം ചെറുകിട- ഇടത്തരം സംരംഭകർക്കും കേരളത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂർ കൂട്ടിചേർത്തു. നേരത്തെ കെ റെയിൽ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചിരുന്നില്ല. യു.ഡി.എഫ് എം.പിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ശശി തരൂർ എം.പി ഒപ്പുവെക്കാതിരുന്നത്.