ഹൈക്കമാൻഡ് ശശി തരൂരിനെതിരെ നടപടിയെടുക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ
അഡ്മിൻ
അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാൻഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. 'ഒരു കോൺഗ്രസുകാരനാണെങ്കിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കിൽ അടിസ്ഥാനപരമായി തരൂർ ഒരു കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന് കോൺഗ്രസ് തത്വങ്ങൾ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികൾക്ക് പോലും സിൽവർ ലൈനിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാം.
ഉത്തരവാദിത്തപ്പെട്ട ഒരു മനുഷ്യൻ, ഗവേഷണ ബുദ്ധിയോടെ എല്ലാകാര്യങ്ങളും വിലയിരുത്തുന്ന ഒരാൾ അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്. സർക്കാരിനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കമായിട്ടേ അതിനെ കാണാൻ സാധിക്കുകയുള്ളൂ.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതിനെ പിന്തുണച്ച ആളാണ് ഈ എംപി. ഓരോരോ സന്ദർഭത്തിലും പാർട്ടിയെ പ്രതികൂട്ടിലാക്കുന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നുണ്ടായിട്ടുള്ളത്. അടിയന്തരമായി ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഇടപെടണം. ഇങ്ങനെ സ്വതന്ത്രനായി പോകാൻ അനുവദിക്കാമോ.. പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ട' മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിന്റെ വികസനം സംബന്ധിച്ച് ആസ്വാദ്യകരമായി ചർച്ച നടത്തി. ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വളർച്ചയിൽ മുന്നേറേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നമ്മുടെ യുവജനങ്ങൾ അവസരങ്ങൾ അർഹിക്കുന്നുവെന്നും തരൂർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളർച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടാണ് തരൂർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്.