സ്ത്രീപക്ഷ നവകേരളം സാധ്യമാക്കേണ്ടത് മഹത്തായ സാമൂഹ്യ ഉത്തരവാദിത്തം: മുഖ്യമന്ത്രി പിണറായി വിജയന്
അഡ്മിൻ
സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീപക്ഷ നവകേരളം മഹത്തായ സാമൂഹ്യ ഉത്തരവാദിത്തമാണ് നിറവേറ്റുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിപുലമായ പ്രചരണപരിപാടി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ സ്ത്രീയും തെറ്റിനെതിരെ ശബ്ദമുയര്‍ത്താനും പ്രതിരോധിക്കാനും കരുത്ത് നേടണം. അതിനായി നമ്മുടെ പൊതുബോധം ഉയരണം. ഇതിന് ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കുടുംബശ്രീക്കാണ്. വിവാഹ ആലോചനയുടെ ഘട്ടത്തില്‍ സ്ത്രീധനം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടാന്‍ സാധിക്കണം. ഈ ബോധവല്‍ക്കരണ പോരാട്ടം തുടര്‍ന്നും ഏറ്റെടുക്കാനാവണം. നാടിന്റെ നന്മയോടൊപ്പം നില്ക്കുന്ന എല്ലാവരും ആ പോരാട്ടത്തില്‍ അണിചേരും. തിന്മകള്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം ഇന്ന് കാണുന്ന കേരളം സൃഷ്ടിക്കപ്പെട്ടത് ജാതിമത ഭേദമന്യേ പുതിയ മാറ്റങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നിലകൊണ്ടതിന്റെ ഭാഗമായാണ്. യോജിച്ച പോരാട്ടത്തിലൂടെയാണ് അത് സാധ്യമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് വന്നമാറ്റത്തിലൂടെ നാം മുന്നേറി. ആണ് പെണ് വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കി. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സമീപനങ്ങള്‍ക്കെതിരായ വലിയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നു. കുട്ടിത്തം മാറാതെ തന്നെ വിവാഹം നടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പിതാവിന്റെ സ്വത്തില്‍ പെണ്മക്കള്ക്ക് അവകാശമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതിനെല്ലാമെതിരായ പ്രക്ഷോഭങ്ങള്‍ ഓരോ ഘട്ടത്തിലും ഉയര്‍ന്നുവന്നു. അതിന്റെയെല്ലാം ഫലമായാണ് സമൂഹത്തില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അദ്ധ്യക്ഷനായി. സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധത്തിന്റെ കോട്ടയായി കുടുംബശ്രീ മാറുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീപക്ഷ നവകേരളം സമൂഹത്തില്‍ വലിയ സ്വീകാര്യത നേടും. ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, ഫ്യൂഡല്‍ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടത്തിന് കരുത്തായി നിലകൊള്ളുമെന്നും മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ ഐഎഎസ് സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങില്‍ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സ്ത്രീപക്ഷ സമീപന രേഖ പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര് ബിന്ദു സ്നേഹിത ടോള്‍ഫ്രീ നമ്പര്‍ പ്രഖ്യാപനം നടത്തി. ക്രൈം മാപ്പിങ് പ്രക്രിയയുടെ പ്രഖ്യാപനം കേരള വനിതാ കമ്മിഷന് അദ്ധ്യക്ഷ പി സതീദേവി നിര്‍വ്വഹിച്ചു. കുടുംബശ്രീ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാനം മേയര്‍ ആര്യ രാജേന്ദ്രന് നിര്‍വ്വഹിച്ചു.
സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന് അംബാസഡര്‍ നിമിഷ സജയന് സ്ത്രീപക്ഷ നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വി കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ജിജു പി അലക്സ്, മിനി സുകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന് ഐഎഎസ്, ചെയര്മാന് ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ബി പി മുരളി, പി എസ് സി മെമ്പര്‍ ആര് പാര്‍വതിദേവി, സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ ആര് ഷൈജു ചടങ്ങിന് നന്ദി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും ഇരുപത്തിരണ്ടായിരത്തിലേറെ വാര്‍ഡ് കേന്ദ്രങ്ങളിലും സമാന്തര ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ച് സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുത്തു. അന്താരാഷ്ട്ര മഹിളാ ദിനമായ മാര്‍ച്ച് 8വരെ സ്ത്രീപക്ഷ നവകേരളത്തിന്റെ ഒന്നാംഘട്ട പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
18-Dec-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ