കെ റെയിൽ പദ്ധതി: സംസ്ഥാന സർക്കാരിന് പറയാനുള്ളത് കേൾക്കാതെ എതിർക്കാനാവില്ല: ശശി തരൂർ
അഡ്മിൻ
കെ-റെയിൽ പദ്ധതിയിൽ കേരള സർക്കാരിന് പറയാനുള്ളത് കേൾക്കാതെ സർക്കാർ നിലപാട് തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ.
തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനത്തെ താൻ എതിർക്കുകയാണ് ചെയ്തത്. വിരോധാഭാസമെന്ന് തോന്നിയേക്കാം അന്നെന്റെ യു ഡി എഫ് സഹപ്രവർത്തകർ സർക്കാരിനൊപ്പമായിരുന്നു-തരൂർ പറഞ്ഞു.
കെ-റെയിൽ പദ്ധതിയെ എതിർത്തുകൊണ്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്കയച്ച കത്തിൽ താൻ ഒപ്പുവെയ്ക്കതിരുന്നതും തിരുവനന്തപുരത്ത് ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങളും അനാവശ്യ വിവാദമാണുളവാക്കിയിരിക്കുന്നതെന്ന് തരൂർ പറയുന്നു. ''കെ റെയിൽ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ ഒരു നിലപാട് എടുക്കാനാവില്ല. അങ്ങിനെയൊരു പഠനം ഇനിയും നടത്തിയിട്ടില്ലെന്നതിനാലാണ് കത്തിൽ ഒപ്പ് വെയ്ക്കാതിരുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന സെമി ഹൈസ്പിഡ് റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുമാത്രമാണ് എംപിമാരുടെ കത്തിൽ ഒപ്പുവെയ്ക്കാതിരുന്നത്.'' കത്തിൽ ഒപ്പുവെയ്ക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും കത്തിന്റെ ഉള്ളടക്കം തനിക്ക് ലഭ്യമായിരുന്നില്ലെന്നും തരൂർ സൂചിപ്പിച്ചു.
കത്തിൽ ഒപ്പുവെയ്ക്കാതിരുന്നതിന്റെ അർത്ഥം താൻ കെ-റെയിലിനെ പിന്തുണയ്ക്കുന്നുവെന്നല്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. ''എന്റെ സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്താണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാതം? നിരവധി പേരെ കുടിയൊഴിപ്പിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതുണ്ടോ? സ്വതവെ ദുർബലമായ നമ്മുടെ പരിസ്ഥിതിയെ ഈ പദ്ധതി വീണ്ടും തളർത്തുമോ? പരിസ്ഥിതി പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന സുവ്യക്തമായ പഠനം സർക്കാർ നടത്തുമോ? സാമ്പത്തികമായി എത്രമാത്രം പ്രായോഗികമാണ് കെ-റെയിൽ?
വൻപണച്ചെലവ് വരുന്ന പദ്ധതിയാണ് ഇതെന്നതിനാൽ പദ്ധതിയുടെ സാമ്പത്തികവശങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾക്ക് സർക്കാർ മറുപടി പറയുമോ? വളരെ നിർണായകമായ ചോദ്യങ്ങളാണിവ. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാർ പ്രതിനിധികൾ, ജനപ്രതിനിധികൾ, സാങ്കേതിക-ഭരണ വിദഗ്ദർ എന്നിവരുൾപ്പെടുന്ന ഒരു ഫോറത്തിന് രൂപം നൽകണമെന്നും ഈ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു.''ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുകയെന്നും അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ലെന്നും തരൂർ പറയുന്നു.