കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് യാത്രാബത്ത അനുവദിക്കും: മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ
അഡ്മിൻ
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ അറിയിച്ചു.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ 1064 സി.ഡി.എസുകളാണുള്ളത്. കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ സർക്കാർ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും താഴെതട്ടിലേക്ക് എത്തിക്കുന്നത് സി.ഡി.എസ് അംഗങ്ങൾ വഴിയാണ്.
സിഡിഎസ് അംഗങ്ങൾക്ക് ഓണറേറിയമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കുടുംബശ്രീ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഇവർ യാത്രാചെലവിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2022 ജനുവരി മുതൽ പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് യാത്രാബത്ത അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ നിന്നും സമൂഹത്തെ കരകയറ്റുവാൻ സർക്കാരിനൊപ്പം നിന്ന് പ്രവർത്തിച്ചവരാണ് സി.ഡി.എസ് അംഗങ്ങൾ. യാത്രാബത്ത അനുവദിക്കുന്നതിനായി കുടുംബശ്രീ മിഷൻ 2021-22 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ 1102.38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.