എൽജെഡി വിട്ട ഷെയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്ക്

എൽജെഡി വിട്ട പ്രമുഖ നേതാവ് ഷെയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്ക് . തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിപിഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഷെയ്ക്ക് പി ഹാരിസ് പ്രഖ്യാപിച്ചത്. നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് എൽ.ജെ.ഡി വിട്ട ഷെയ്ക് പി. ഹാരിസ് വ്യക്തമാക്കി.

സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ട ശേഷം സി.പി.എമ്മിൽ ചേരും. സുരേന്ദ്രൻ പിള്ള ഉൾപ്പെടെ നിരവധി പേർ ഉടൻ എൽ.ജെ.ഡി വിടുമെന്നും ഷെയ്ക് പി. ഹാരിസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ അടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കും പിളർപ്പിന് തുല്യമായ രാജിയുണ്ടാകുമെന്നാണ് ഹാരിസ് വ്യക്തമാക്കുന്നത്.

വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് നേതൃത്വം തയാറായില്ല. പ്രശ്നങ്ങൾ തീർക്കാൻ ദേശീയ നേതൃത്വവും ഇടപെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ് ആശയങ്ങളുള്ള പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്നും കുടുംബാധിപത്യം പാർട്ടിയിൽ കൊണ്ട് വരാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അനുഭാവപൂർവമാണ് സംസാരിച്ചത്. വാഗ്ദാനങ്ങളൊന്നും തന്നിട്ടില്ലെന്നും മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഷെയ്ക് പി. ഹാരിസ് പറഞ്ഞു.

20-Dec-2021