രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
അഡ്മിൻ
ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പത്ത് പേര്‍ കസ്റ്റഡിയില്‍. ഇവരെല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. മൂന്നുപേര്‍ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം, രണ്ട് ബൈക്കുകളും പൊലീസ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ബൈക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്.
മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്കുകള്‍. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്റെ നിഗമനം.
ജില്ലയില്‍നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു.