പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍

കേരളത്തിലെ പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന് ഹോർട്ടികോർപ്പ് ധാരണാപത്രം ഒപ്പുവച്ചു. തമിഴ്‌നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ വകുപ്പ് നിശ്ചയിച്ച മൊത്തവിലയ്ക്കാണ് ഹോർട്ടികോർപ്പ് പച്ചക്കറികൾ സംഭരിക്കുന്നത്. പച്ചക്കറി ഉത്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് കർഷക ഉൽപാദക സംഘടനകളിൽ നിന്ന് ഗ്രേഡഡ് പച്ചക്കറികൾ ഇപ്പോൾ ഹോർട്ടികോർപ്പിന് സംഭരിക്കാൻ കഴിയും.

കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ സുലഭമാകുന്നതോടെ ഇത്തരം പച്ചക്കറികൾ തമിഴ്നാട്ടിൽ നിന്നും സംഭരിക്കുന്നത് കുറവുവരുത്താനാവും. ഇപ്രകാരം പച്ചക്കറികൾ സമാഹരിച്ചു തരുന്ന അളവനുസരിച്ച് കിലോയ്ക്ക് ഒരു രൂപ പ്രകാരം കൈകാര്യ ചിലവ് ഹോർട്ടികോർപ്പ് കൊടുക്കേണ്ടതുണ്ട്.

തലേദിവസം ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന പ്രകാരമുള്ള പച്ചക്കറികൾ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോർട്ടികോർപ്പിൻ്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി പിറ്റേദിവസം തന്നെ വിതരണത്തിനായി കേരളത്തിലെത്തിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്.വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികൾ ആദ്യഘട്ടത്തിൽ കേരള വിപണിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

21-Dec-2021