മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി.തോമസ് (70) അന്തരിച്ചു. തൃക്കാക്കര എംഎൽഎ ആയിരുന്നു. കോൺഗ്രസ് വർക്കിംങ് പ്രസിഡന്റ കൂടിയായ പി.ടി തോമസ് അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എം.പിയായി.
പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. കിറ്റെക്‌സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂളിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്.
കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.