പി.ടി. തോമസിന്റെ വിയോഗം കോൺഗ്രസിനുണ്ടാക്കിയിരിക്കുന്നത് തീരാനഷ്ടമാണെന്ന് വി.ഡി. സതീശൻ
അഡ്മിൻ
പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. നഷ്ടമായത് മികച്ച പാർലമെന്റേറിയനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി.ടി. തോമസെന്നും മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.ടി. തോമസിന്റേത് അപ്രതീക്ഷിത വിയോഗമാണെന്നും നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. പി.ടി. തോമസിന്റെ വിയോഗം കോൺഗ്രസിനുണ്ടാക്കിയിരിക്കുന്നത് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. അദ്ദേഹം മാതൃകയും വഴികാട്ടിയുമായിരുന്നു എന്ന് വി ഡി സതീശൻ ഓർക്കുന്നു.
മൂല്യങ്ങളിൽ അടിയുറച്ചുനിന്ന നേതാവായിരുന്നു പി.ടി. തോമസെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയവരും പി.ടി. തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
നഷ്ടമായത് സഹോദരനെയാണെന്നാണ് വി.എം. സുധീരൻ പി.ടി. തോമസിനെ കുറിച്ച് പറഞ്ഞത്. നഷ്ടമായത് നിർഭയനായ നേതാവിനെയെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു പി.ടി. തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അർബുദ രോഗ ബാധിതനുമായിരുന്ന പി.ടി. തോമസ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വെച്ച് രാവിലെ 10.15 നായിരുന്നു മരിച്ചത്.