കൊലയ്ക്ക് കൊല നടത്തുകയാണ് വർഗ്ഗീയ ശക്തികൾ: എം.വി ജയരാജൻ

മുസ്ലിംങ്ങളും ക്രിസ്താനികളും കമ്യൂണിസ്റ്റുകാരുമാണ് സംഘപരിവാരിന്റെ ശത്രുക്കൾ. രാജ്യത്തെ മോദി ഭരണം നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്. കൊലയ്ക്ക് കൊല നടത്തുകയാണ് വർഗ്ഗീയ ശക്തികളെന്നും ഇത് കലാപത്തിലേക്കുള്ള നീക്കമാണെന്നും കേരളത്തിൽ അത് നടക്കില്ലെന്നും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജൻ പറഞ്ഞു. ബേഡകം ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിത്ത വ്യവസ്ഥ മാറ്റുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും ജനകീയ ജനാധിപത്യമാണ് നയമെന്നും എം.വി ജയരാജൻ പറഞ്ഞു. പെരിയ കല്ല്യോട്ടെ സംഭവം ദൗർഭാഗ്യകരമാണ്. കൊലപാതകം വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് സി.ബി.ഐ അവസാനം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സമ്മേളനത്തിൽ 19 അംഗ കമ്മറ്റിയെയും എം.അനന്തനെ സെക്രട്ടറിയായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പൊതുയോഗത്തിൽ എം.അനന്തൻ അധ്യക്ഷനായി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രസംഗിച്ചു. 23 ഇന മത്സര പരിപാടികളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. രാധാകൃഷണൻ ചാളക്കാട് സ്വാഗതം പറഞ്ഞു.

22-Dec-2021