ആംനെസ്റ്റി സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാന്‍ കഴിയും

അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും
ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുതിയ ആംനെസ്റ്റി സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

1996 വരെയുള്ള കുടിശ്ശികയുടെ 75 ശതമാനം അടക്കുകയാണെങ്കില്‍ മുഴുവന്‍ പലിശയും പിഴപലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കി നല്‍കും. 1996 മുതല്‍ 2000 വരെയുള്ള കുടിശ്ശികകള്‍ക്ക് മുതലിന്റെ 90 ശതമാനം അടക്കുകയാണെങ്കില്‍ പലിശയും പിഴപലിശയും മുതലിന്റെ 10 ശതമാനവും ഒഴിവാക്കി നല്‍കും. 2000ത്തിനും 2012നും ഇടയിലുള്ള കുടിശ്ശികകള്‍ക്ക് മുതല്‍ തുക പൂര്‍ണമായും അടച്ചാല്‍ പലിശയും പിഴപലിശയും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. ആംനെസ്റ്റി സ്‌കീം പ്രയോജനപ്പെടുത്താത്ത കുടിശ്ശികക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവും. സ്‌കീം ഉപയോഗപ്പെടുത്തുന്നവരോട് ഭാവിയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകള്‍ നല്‍കില്ലെന്ന സത്യവാങ്മൂലം ആവശ്യപ്പെടും. അവര്‍ നിലവിലുള്ള അബ്കാരി കുടിശ്ശിക സംബന്ധിച്ച കേസുകളെല്ലാം പിന്‍വിക്കുകയും വേണമെന്ന് മന്ത്രി വിശദീകരിച്ചു.

ആംനെസ്റ്റി സ്‌കീമില്‍ അപേക്ഷ നല്‍കാന്‍ 2022 ആഗസ്ത് 31വരെ സാവകാശം നല്‍കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ഡിസ്റ്റലറികള്‍, ബ്ലെന്റിംഗ് യൂണിറ്റുകള്‍, ഫാര്‍മസ്യൂട്ടിക്കലുകള്‍, കെ എസ് ബി സി എന്നിവിടങ്ങളിലെ കോസ്റ്റ് ഓഫ് എസ്റ്റാബ്ലിഷ്‌മെന്റ് ഇനത്തില്‍ ലഭിക്കാനുള്ള കുടിശ്ശികകള്‍ ആംനെസ്റ്റി സ്‌കീമില്‍ ഉള്‍പ്പെടുത്തുകയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

22-Dec-2021