കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു: കോടിയേരി
അഡ്മിൻ
കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആർഎസ്എസും എസ് ഡി പി ഐയും ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണെന്നും വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. ആലപ്പുഴയിലെ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടാൻ പൊലീസിന് കഴിയും. ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ലാദമാണ്.
സി പി എമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ്ഡിപിഐ അല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
കൊവിഡ് കാലത്തെ കൊള്ള സംബന്ധിച്ച് ഇപ്പോൾ വരുന്നത് മുമ്പ് ഉയർന്ന വിവാദങ്ങൾ തന്നെയാണ്. പൊയ് വെടിയാണ് ഇപ്പോൾ നടക്കുന്നത്. ഇതൊക്കെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചതാണ്. സിൽവർ ലൈൻ കേരളത്തിനാവശ്യമായ പദ്ധതിയാണ്. ഇക്കാര്യത്തിൽ തരൂരിന്റേത് കേരളത്തിന്റെ പൊതു നിലപാട് ആണ്. ശശി തരൂരിനെതിരെ നടക്കുന്ന വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.