പ്രവാസി സമൂഹത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകും: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
അഡ്മിൻ
പതിനാലാം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രവാസി സംഗമങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കി.
വിദേശത്ത് നിന്നും മടങ്ങിവരുന്നവരുടെയും മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവരുടെയും ലിസ്റ്റും അവരുടെ ഭാവി പരിപാടികളെ സംബന്ധിച്ചും പ്രാദേശികാടിസ്ഥാനത്തില്‍ ക്രോഡീകരിക്കുന്നതിനാണ് പ്രവാസി ഓണ്‍ലൈന്‍ സംഗമത്തില്‍ മുന്‍ഗണന നല്‍കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ചുകൊണ്ട് ജില്ലാടിസ്ഥാനത്തില്‍ കര്‍മ്മപരിപാടികള്‍ ഉണ്ടാക്കും. കോവിഡാനന്തര പ്രതിസന്ധികളെ അതിജീവിക്കാനും മാറിവരുന്ന ലോക സാഹചര്യങ്ങളെ നേരിടാനും പ്രവാസി സമൂഹത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാവുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.