സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുത്: സ്പീക്കർ
അഡ്മിൻ
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു. സംഭവത്തിൽ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.
എറണാകുളം കിഴക്കമ്പലത്ത് തർക്കം തീർക്കാനെത്തിയ പൊലീസിനെ കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. രണ്ട് പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്ത് കത്തിച്ചു. സംഘർഷത്തിൽ സിഐ അടക്കം അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വിശദീകരിച്ചു.