വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ല: മുഖ്യമന്ത്രി
അഡ്മിൻ
രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്ന വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയതയെ മതനിരപേക്ഷത കൊണ്ട് നേരിടണം. വർഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോട്ട് ജില്ലാ കമ്മറ്റി ഓഫീസ് സമുച്ഛയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ മത തീവ്രവാദത്തിന്റെ ആരൂഢം എവിടെയാണ്? മുസ്ലീം തീവ്രവാദം ആദ്യമായി വളർത്തിയത് സാമ്രാജ്യത്വ ഭരണകൂടമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. മതതീവ്രവാദത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത് ഇടതുപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരുമാണ്. ഭൂരിപക്ഷ വർഗ്ഗീയത തടയാൻ ന്യൂനപക്ഷ വർഗ്ഗീയത വളർത്തിയാൽ അത് അപകടമാണ്. മതനിരപേക്ഷ ഐക്യം വളർത്തണം. അതിന് കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, കെ.കെ.ശൈലജ ടീച്ചർ, സി.എച്ച് കുഞ്ഞമ്പു, എം.രാജഗോപാൽ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, എം.വി ജയരാജൻ, ഇ.പി ജയരാജൻ, പി.കരുണാകരൻ, ശ്രീമതി ടീച്ചർ, പി.ജയരാജൻ, കെ.വി.കുഞ്ഞിരാമൻ സംസ്ഥാന-ജില്ലാ നേതാക്കൾ, എ.കെ.ജി യുടെ മകൾ ലൈല തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.