കിഴക്കമ്പലം ആക്രമണം; കസ്റ്റ‍ഡിയിൽ ഉള്ള മുഴുവൻ പേരും പ്രതികളാകും

കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റ‍ഡിയിൽ ഉള്ള മുഴുവൻ പേരും പ്രതികളാകും. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തും.

പ്രതികളെ ഇന്ന് കോ‍ടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലിയാണ് കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായത്. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവരികയായിരുന്നു.

27-Dec-2021