തരൂരിനെ പുറത്താക്കിയാല്‍ വിഷയം മാറുമെന്ന് കെ മുരളീധരൻ

കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ നിലപാട് മാറ്റാൻ തയാറാകണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന്‍ എം.പി. സുധാകരന്‍ നല്‍കിയത് വാണിംഗാണെന്നും തരൂരിനെ പുറത്താക്കിയാല്‍ വിഷയം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രതിസന്ധികളില്‍ ഒപ്പം നിന്നത് പാര്‍ട്ടിയാണെന്ന് ഓര്‍ക്കണം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. അന്ന് പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ ഒരുപോലെ നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്. ആ നിലയ്ക്ക് തരൂര്‍ യു.ഡി.എഫിനും പാര്‍ട്ടിയുടെ നിലപാടിനും ഒപ്പം നില്‍ക്കണം,’ മുരളീധരന്‍ പറഞ്ഞു.

‘റിപ്പോര്‍ട്ട് പഠിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്. കോണ്‍ഗ്രസ് സമിതി പഠിച്ച റിപ്പോര്‍ട്ട് എല്ലാ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നല്‍കിയതാണ്. ഇനി പ്രത്യേകിച്ച് പഠിക്കണമെന്നാണെങ്കില്‍ അങ്ങനെ ആകട്ടെ അത് വിവാദമാക്കേണ്ട കാര്യമില്ല. വിഷയത്തില്‍ തരൂര്‍ തെറ്റ് തിരുത്തി പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സുധാകരന്‍ നല്‍കിയത് വാണിംഗ് മാത്രമാണ്. പുറത്താക്കിയാല്‍ വിഷയം മാറും. ഇപ്പോള്‍ തന്നെ 53 പേരെ പാര്‍ലമെന്റിലുള്ളൂ. അതിലൊരാളെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും. മാത്രവുമല്ല പാര്‍ട്ടി ഭരണഘടന അനുസരിച്ച് അക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്’ മുരളീധരന്‍ പറഞ്ഞു.

 

27-Dec-2021