ഒമിക്രോണ്‍ : കേരളത്തിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി

ഒമിക്രോണ്‍ വ്യാപനത്തെ തുടര്ന്ന് കേരളത്തില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് നിയന്ത്രണം ഉണ്ടാകുക. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇതോടെ പുതുവത്സരാഘോഷത്തിനും നിയന്ത്രണം ബാധകമാകും. ഈ ദിവസങ്ങളില്‍ കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കില്ല. അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം. കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാൽ ഒമിക്രോൺ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

27-Dec-2021