സംസ്ഥാനത്ത് മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി ജെ. ചിഞ്ചു റാണി

കര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാത്രികാലങ്ങളിലും മൃഗ ഡോക്ടര്‍മാരുടെ സേവനം എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണം ബ്ലോക്കുകള്‍ വഴി നടപ്പാക്കുന്നുണ്ട്. ഒരു ഫോണ്‍ കോളില്‍ തന്നെ മൃഗ ഡോക്ടര്‍മാര്‍ വീട്ടുമുറ്റത്തെത്താന്‍ തക്ക ക്രമീകരണങ്ങള്‍ ഇന്ന് നമുക്കുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കളെയും ഇന്‍ഷുര്‍ ചെയ്യാനുള്ള നടപടിയെടുക്കും.

കേരളത്തിലെ ഏറ്റവും കൂടുതല്‍ പാലളക്കുന്നത് മലബാര്‍ മേഖലയിലാണ്. 32 കോടി രൂപ ചിലവഴിച്ച് പാല്‍പ്പെടി ഫാക്ടറിയ്ക്ക് തറക്കല്ലിടുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അധികം വന്നാല്‍ അത് പാല്‍പ്പൊടിയാക്കി മാറ്റി കേരളത്തില്‍ തന്നെ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

28-Dec-2021