ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്ന് സര്‍ക്കുലര്‍
അഡ്മിൻ
ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്ന് സര്‍ക്കുലര്‍. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടല്‍ സൗഹൃദപരമാകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടുപോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പോലീസുകാര്‍ക്കായി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഡിവൈ.എസ്.പി.മാരും എസ്.എച്ച്.ഒ.മാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാല്‍ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം.
പോലീസിന്റെ ഹെല്പ് ലൈന്‍ നമ്പറുകള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ഫോമും സര്‍ക്കുലറിനൊപ്പം നല്‍കിയിട്ടുണ്ട്.