ബാലവേലയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2,500 രൂപ പാരിതോഷികം

ബാലവേലയോ ബാലചൂഷണമോ നടക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പിനെ വിവരമറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം നല്‍കും. കോഴിക്കോട് കലക്ടറാണ് ബാലവേല വിവരമറിയിച്ചാല്‍ പാരിതോഷികം നല്‍കുമെന്ന് അറിയിച്ചത്. ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കിയ ശരണബാല്യം പദ്ധതിപ്രകാരമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. ശരണബാല്യത്തിന്റെ മെയിലേക്കോ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ മുഖേനയോ ആളുകള്‍ക്ക് വിവരം കൈമാറാം.

ആളുകളില്‍ നിന്നും ലഭിക്കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും ഉടമസ്ഥന്റെ പേര് വിവരങ്ങള്‍, കുട്ടി/ കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കില്‍) അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.

28-Dec-2021