കേരളത്തിൽ നാളെ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും സർക്കാരിന് നൽകിയ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് വ്യക്തമാക്കി.

വിഷയത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയോട് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. അനുഭാവപൂർണമായ സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് യൂണിയനുകളും പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റി വെക്കാൻ തീരുമാനിച്ചത്.
ഇന്ധനവിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

ആവശ്യ സാധനങ്ങളുടെ വിലയും ഇന്ധന വിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ മിനിമം ചാര്‍ജ് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ ഓട്ടോ ടാക്‌സി നിരക്ക് കൂട്ടിയത്.

29-Dec-2021