ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ സർക്കാർ മാറ്റില്ല: കോടിയേരി ബാലകൃഷ്ണൻ

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ സർക്കാർ മാറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ തുടരണമെന്നാണ് എൽഡിഎഫ് നിലപാട്. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കണ്ണൂർ വിസി നിയമനവിവാദത്തിൽ വീണ്ടും സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഗവർണര്‍. കണ്ണൂർ വിസി നിയമന കേസിൽ ഹൈക്കോടതി ഗവർണര്‍ക്ക് അയച്ച നോട്ടീസ് സർക്കാരിലേക്ക് തട്ടി ഒഴിഞ്ഞുമാറിയിരിക്കുകയാണ് ​ഗവര്‍ണര്‍. ചാൻസലര്‍ സ്ഥാനം ഒഴിഞ്ഞതിനാൽ നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്.

ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഗവർണര്‍ ഉറച്ച് നിൽക്കുന്നതോടെ കോടതിയുടെ നോട്ടീസിലടക്കം സർക്കാരിന്‍റെ അടുത്ത നടപടി പ്രധാനമാണ്. ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. ചട്ടപ്രകാരം നിലവിൽ ഗവർണര്‍ തന്നെയാണ് ചാൻസലര്‍ എന്നിരിക്കെ നോട്ടീസ് ഗവർണര്‍ തന്നെ കൈപ്പറ്റണമെന്ന മറുപടിയുമായി സർക്കാർ നോട്ടീസ് രാജ്ഭവന് തിരിച്ച് കൈമാറാനും സാധ്യതയുണ്ട്.

30-Dec-2021