ശ്രീനാരായണ ഗുരു സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്: മുഖ്യമന്ത്രി

മതങ്ങള്‍ തമ്മില്‍ കലഹിക്കരുത് എന്ന ശ്രീനാരായണ ഗുരു സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി കുന്നില്‍ 89 ആമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏത് നിമിഷവും വര്‍ഗീയതയുടെ ഫാസിസ്റ്റ് നിലപാടുകള്‍ പിടികൂടുമെന്ന ആപല്‍ശങ്ക ജനങ്ങളെ ബാധിക്കുന്ന കാലത്ത് ഗുരുവിന്റെ മതനിരപേക്ഷ ചിന്തകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വികസനത്തിലടക്കം ഗുരുദേവ ദര്‍ശനങ്ങളിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനമെന്നും പിണറായി അവകാശപ്പെട്ടു.

ആയിരക്കണക്കണക്കിന് ശ്രീനാരായണ ഭക്തരെ സാക്ഷിയാക്കി ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തിയതോടെയാണ് ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്.

30-Dec-2021