കെ റെയിൽ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് കേന്ദ്രത്തോട് കേരളം

സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന് പുറമെ സംസ്ഥാനങ്ങൾക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദേശങ്ങളിൽ നിന്നും പ്രവാസികൾക്ക് വേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ച് ശതമാനം വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ കേരളത്തിനുള്ള വിഹിതം വർധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷൻ ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്.

കെ റെയിൽ വിഷയത്തിൽ കേരളത്തിൽ യുഡിഎഫ് രാഷ്ട്രീയപരമായ നിലപാട് എടുക്കുന്നുവെന്നും നാടിന്റെ വികസനത്തെ ബാധിക്കുന്ന തലത്തിലാണ് യുഡിഎഫ് ഇടപെടലെന്നും മന്ത്രി ആരോപിച്ചു.

30-Dec-2021