എസ്ഡിപിഐക്കോ ആര്‍എസ്എസിനോ സിപിഐഎമ്മില്‍ നുഴഞ്ഞു കയറാന്‍ കഴിയില്ല: കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള ആസൂത്രിത ശ്രമമായിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയ കലാപത്തിനാണ് എസ്ഡിപിഐയും ആര്‍എസ്എസും ശ്രമിച്ചത്. പൊലീസിന്റെ ഇടപെടല്‍ മൂലമാണ് അത് ഒഴിവായതെന്നും കോടിയേരി പറഞ്ഞു. മതനിരപേക്ഷതയെ തകര്‍ക്കാന്‍ അധികാരം കൈയിലുള്ള ആര്‍എസ്എസ് ശ്രമിക്കുകയാണ്.

കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ച് ഹിന്ദു ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. എസ്ഡിപിഐയും ആര്‍എസ്എസും ചാവേറുകളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. എസ്ഡിപിഐക്കോ ആര്‍എസ്എസിനോ സിപിഐഎമ്മില്‍ നുഴഞ്ഞു കയറാന്‍ കഴിയില്ല. മുസ്ലിം ലീഗ് ഇസ്‌ലാമിക മത മൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്ഡിപിഐ മുദ്രാവാക്യം ഏറ്റെടുക്കുകയാണ് മുസ്ലിം ലീഗ്. ലീഗ് പ്രചാരണം ആര്‍എസ്എസിനെ സഹായിക്കാനാണ്. കാന്തപുരം, ജിഫ്രി തങ്ങള്‍ എന്നിവര്‍ ഈ ലീഗ് നിലപാട് അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് ജിഫ്രി തങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

30-Dec-2021