പകൽകിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പൊളിക്കാനിറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിക്കെതിരെ ഗൂഢപ്രവർത്തനങ്ങൾ നടത്തുകയാണ്. ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്.
പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്തൻ സിപിഎം പ്രചാരണം നടത്തുമെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. വിശദമായ പദ്ധതി വരുന്നത്തിന് മുൻപ് പ്രതിപക്ഷം പദ്ധതിയെ തള്ളി പറയുന്നു. പദ്ധതി യാഥാർഥ്യമായാൽ ബഹുജനാടിത്തറ തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനും ബിജെപിക്കും. പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവട് മാറ്റുന്നതിൽ ദുരൂഹത. കേന്ദ്ര സർക്കാരിന്റെ നിലപാട് മാറ്റം കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണ്.
വിമോചന സമര മാതൃകയിലാണ് എൽഡിഎഫ് സർക്കാറിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികൾ കൈകോർക്കുന്നത്. ഉച്ചയുറക്കത്തിൽ പകൽ കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർ ലൈൻ. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയും മോദിയുടെ സംസ്ഥാനമായ ഗുജറാത്തും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ലെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.