കേരളത്തിൽ പുതുവത്സരാഘോഷത്തിനും റെക്കോർഡ് മദ്യവിൽപന
അഡ്മിൻ
പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. ഡിസംബർ 31 ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു.
ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു. ക്രിസ്തുമസിന്റെ തലേനാൾ ബിവ്‌റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. ഇതും റെകോർഡ് വിൽപനയായിരുന്നു.
കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ് ഔട്ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്.
ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.