കേരള ഹൈക്കോടതി ഇനി പൂർണമായും ഇ ഫയലിങ്ങിലേക്ക്

കേരള ഹൈക്കോടതി പൂർണ്ണമായും ഇ ഫയലിങിലേക്ക്. ഇനി മുതൽ ഹർജികളും അനുബന്ധ രേഖകളും എവിടെ നിന്നും ഓൺലൈനായി സമർപ്പിക്കാം. ഇ ഫയലിംഗിനൊപ്പം പേപ്പർ രഹിത കോടതി മുറികളും ഓഫീസുകളും പ്രവർത്തനസജ്ജമായി. നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

കോവിഡ് കാലത്ത് കേസുകൾ തീർപ്പാക്കുന്നതിൽ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ കോടതി പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി നിർവഹിച്ചു.

ഹൈക്കോടതിയുടെ ആഭ്യന്തര ഐടി സംഘമാണ് പദ്ധതികൾ നടപ്പാക്കിയത്. കോവിഡ് കാലത്ത് ഭാഗികമായി ഇ ഫയലിംഗ് നടപ്പാക്കിയപ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും തീരുമാനവുമായി ഹൈക്കോടതി ഭരണവിഭാഗം മുന്നോട്ട് പോവുകയായിരുന്നു. ഇ ഫയലിങ് പൂർണമായി നടപ്പാക്കിയാൽ സംസ്ഥാനത്തെ പതിനായിരത്തോളം വക്കീൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവുമെന്ന ആശങ്കയാണ് ഇവർ ഉന്നയിച്ചത്.

02-Jan-2022