സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യു ഇന്ന് അവസാനിക്കും

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജാഗ്രത കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യു ഇന്ന് അവസാനിക്കും. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കില്ലെന്നാണ് സൂചന. ജനുവരി രണ്ടു വരെ രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം, കൗമാരക്കാര്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. ബുധനാഴ്ച്ച ഒഴികെ ആഴ്ച്ചയില്‍ ആറ് ദിവസവും കുട്ടികള്‍ക്ക് കുത്തിവെയ്പ്പെടുക്കാനുള്ള സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും എത്തി കുട്ടികള്‍ക്ക് വാക്സിന്‍ സ്വീകരിക്കാം. കുട്ടികളുടെ വാക്സിനേഷന്‍കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

02-Jan-2022