സിൽവർ ലൈൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തും

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിശദീകരണ യോഗം നടത്തുന്നു. ജനുവരി നാലിനു രാവിലെ 11ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു പരിപാടി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

കാസര്‍കോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂര്‍ കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണു സില്‍വര്‍ ലൈനിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ-റെയില്‍) എന്ന കമ്പനിയാണു പദ്ധതിയുടെ നിര്‍മാണം നടത്തുക.

നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം ചേരുന്നത്.

സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിനുള്ളിലെ വിവിധയിടങ്ങള്‍ തമ്മിലുള്ള യാത്രാ സമയം നാലിലൊന്നായി ചുരുങ്ങും. ഇത് കേരളത്തിന്റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റമുണ്ടാക്കും. കൊച്ചി എയര്‍പോര്‍ട്ടിലേതടക്കം 11 സ്റ്റേഷനുകളാകും അര്‍ധ അതിവേഗ പാതയില്‍ ഉണ്ടാകുക. കൊച്ചിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താനാകും.

നിലവില്‍ കാറില്‍പ്പോലും ചുരുങ്ങിയതു നാലു മണിക്കൂര്‍ വേണ്ടിടത്താണ് ഇത്. 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിര്‍മിക്കുന്ന പാതയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനാകും. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ പുനരധിവാസത്തിനുള്‍പ്പെടെ 1,383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. നിര്‍ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധാനാലയങ്ങളേയും പാടങ്ങളേയും കാവുകളേയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

അതിനാല്‍ത്തന്നെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണു പദ്ധതി ബാധിക്കുന്നത്. ഇതു പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികളിലാണു സര്‍ക്കാര്‍. സ്ഥലം ഏറ്റെടുപ്പിനായി 13,362 .32 കോടി രൂപയാണു കണക്കാക്കിയിരിക്കുന്നത്. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയുപയോഗിച്ചാകും പദ്ധതി നടപ്പാക്കുക.

02-Jan-2022