കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ്
അഡ്മിൻ
കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ മിക്കവരും ദൈവവിശ്വാസികളാണെന്നും സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവവിശ്വാസികളെ മാറ്റി നിർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാൽ, ചിലപ്പോഴവിടെ പാർട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. അവർക്ക് ആ പാർട്ടിയിലേ നിൽക്കാൻ കഴിയൂ.
അത് പോലെ ചില പ്രദേശങ്ങളിൽ, വിദ്വേഷത്തിന്റെ പേരിൽ, ഇപ്പോൾ മുസ്ലിം ലീഗുകാരനാണെങ്കിലും പാർട്ടിയിൽ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാൾ പോകുന്നത് മാർക്സിസ്റ്റ് - കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല'' അബ്ദു സമദ് വ്യക്തമാക്കി.