കോൺഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം രാഷ്ട്രീയ പ്രമേയം

കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം. കോൺഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് രാഷ്ട്രീയ പ്രമേയം. ബി ജെ പിക്കെതിരായ സഖ്യത്തിൽ പ്രാദേശിക സഖ്യങ്ങൾ ആകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരായ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കുമെന്നും ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോയിലും (പിബി) തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായി കൊണ്ടിരിക്കുന്നു. മത നിരപേക്ഷ വിഷയങ്ങളിൽ കോണ്‍ഗ്രസിന്റെ സമീപനം ശരിയായ ദിശയിലല്ല. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും പിബി വിലയിരുത്തി.

ബംഗാളിൽ നിന്നുള്ള ചില അംഗങ്ങൾ കോൺഗ്രസുമായി ദേശീയ തലത്തിൽ സഹകരണം ആവശ്യമാണെന്നും എങ്കിൽ മാത്രമേ ബി ജെ പിയെ ചെറുക്കുക പ്രായോഗികമാകൂ എന്ന നിലപാടെടുത്തു. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും കേരളം , തെലങ്കാന,ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

09-Jan-2022