നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കുരുക്ക് മുറുകുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു. ജയിലിലെ ഫോൺ വിളിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സുപ്രധാന തെളിവ്. പൾസർ സുനി, സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്.സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ആലുവയിലെ ദിലീപിൻറെ വീട്ടിൽവെച്ചും ഹോട്ടലിൽ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനി പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിയെ നിരവധി തവണ കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിൻറെ വെളിപ്പെടുത്തൽ. ഇതിനിടെ ഫോൺവിളിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറിയതായി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

10-Jan-2022