കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷം; കേരളത്തിൽ ഇന്ന് അവലോകന യോഗം

കോവിഡ് കേസുകളും,ഒമൈക്രോണ്‍ കേസുകളും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിര്‍ദ്ദേശങ്ങള്‍ തേടും. അതേ സമയം, സംസ്ഥാനത്തെ കരുതല്‍ ഡോസ് വാക്സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയും അല്ലാതെയും കരുതല്‍ ഡോസ് വാക്സിനെടുക്കാം.ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക.

രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം വേണം കരുതല്‍ ഡോസ് സ്വീകരിക്കാന്‍ എന്നും മന്ത്രി അറിയിച്ചു.

10-Jan-2022