ധീരജിന്റെ പോസ്റ്റ്മോർട്ടം ഇന്ന്, മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പൊലീസ് സർജന്‍റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക.

ധീരജ് രാജേന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. ഒന്‍പത് മണിയോടെ വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പൈലി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ചു പേരിൽ ആരെയൊക്കെ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന കാര്യത്തിലും പൊലീസ് ഇന്ന് തീരുമാനം എടുക്കും. ധീരജിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്.

ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജ് രാജേന്ദ്രന് വീടിനോട് ചേർന്ന് തന്നെയാണ് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരുക്കുന്നത്. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും.

ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

11-Jan-2022