ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുത്തിക്കൊന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വിലയ്ക്ക് വാങ്ങി.മൃതദേഹം സംസ്‌കരിച്ച് ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിര്‍മിക്കാനാണ് തീരുമാനം.

അതേസമയം, ധീരജിനെ കൊന്നത് താന്‍ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ധീരജിനെ കുത്തിയത് താന്‍ ആണെന്ന് നിഖില്‍ സമ്മതിച്ചത്.നിഖില്‍ അടക്കം ആറ് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ കോളേജിലെ കെഎസ്.യു പ്രവര്‍ത്തകരാണ്. അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍. ധീരജിനെ കൊന്ന ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഖിനെ കണ്ടെത്തിയത്.ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെ മകന്‍ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്.

11-Jan-2022