കെപിസിസി പ്രസിഡന്റായി ഒരു ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണം: എംവി ജയരാജന്‍

ഇടുക്കിയിലെഎഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കെപിസിസി പ്രസിഡന്റായി ഒരു ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് എംവി ജയരാജന്‍ പറഞ്ഞു.

ധീരജിന്റേത് ആസൂത്രിത കൊലപാതകമാണ്. വിദ്യാര്‍ഥികളല്ല കൊല നടത്തിയത് എന്നത് ആസൂത്രണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണെന്നും അത് അണികള്‍ക്ക് കൊല നടത്താനുള്ള പ്രചോദനമാകുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായ നിഖില്‍ പൈലി സുധാകരനോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സുധാകരനാണ്. സുധാകരന്‍ അധ്യക്ഷനായതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കൈയിലാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലി കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ധീരജിന്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയെയാണ് തല്ലിക്കെടുത്തിയതെന്നും ജയരാജന്‍ പറഞ്ഞു.

11-Jan-2022