സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഗണ്യമായി കൂടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സാഹചര്യം പരിഗണിച്ച് കൃത്യമായ കൊവിഡ്-19 പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.അനാവശ്യയാത്രകള്‍ ഒഴിവാക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയത് ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു.
20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കൊവിഡ് കേസുകള്‍ ധാരാളമായി കാണുന്നത്. ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷം കഴിഞ്ഞതിനാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ്-19 കേസുകള്‍ കൂടി വരികയാണ്. കൊവിഡ് രോഗികളില്‍ കൂടുതലും ഡെല്‍റ്റാ വകഭേദമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളതെന്നും അതേസമയം ഇതുവരേയും ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.മുന്‍ഗണനാ ക്രമം അനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത് പുരോഗമിച്ചുവരികയാണെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ്-19 ബാധ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു.